2/16/2013

ദുർബല ഹൃദയം ........











                                                           
സഖി , പ്രസ്‌താവിത സങ്കല്പ മേടയില്‍
എന്നെയും  കാത്തിരിപ്പുണ്ട്‌ നീയെങ്കിലും,
തോറ്റു പോവുന്നു ഞാന്‍
വിശുദ്ധപ്രേമത്തിന്‍ 'ശേഷം' കെട്ടിയ ചിന്തകളില്‍ !
 ഏറ്റു വാങ്ങുന്നു ഞാന്‍
നീ തൊടുത്ത ചോദ്യശരങ്ങളെല്ലാം...............

സ്വാര്‍ത്ഥത പെരുകിയ കരുനീക്കങ്ങളില്‍
കരിനാഗവും ചാത്തനും കരിങ്കുട്ടിയും
പിന്നെ കൈവിഷകരുത്തിന്റെ തലയെടുപ്പും !

കരിനീലിച്ച സ്വപ്‌നങ്ങള്‍ കെട്ടി പൊക്കി
സത്യം മറയിട്ടു മയക്കുന്നു കരിംതേളുകള്‍ !
ബന്ധങ്ങളെല്ലാമറുത്തെടുത്തു ബന്ധസ്ഥനാക്കി
പാവാടചരടിനാല്‍ പാവകൂത്താടിക്കും  കൂത്തച്ചികള്‍ !

നിലവിളിച്ചലമുറയിട്ടതു നിന്റെ 'പുലകുളി' യ്ക്കാണേലും !
എല്ലാം സത്യമെന്നും സ്നേഹമെന്നും  തന്നെ നീ കരുതണം
മരണം വരെ നിന്റെ കഴിവുകേട് മറയ്ക്കാനെങ്കിലും !


ഏതൊരു മനുഷ്യനും നടന്നു തീരേണ്ട വഴികളിൽ
കാലമൊരു  കടലോളം കാത്തിരിപ്പിന്റെ നോവൊളിപ്പിയ്ക്കും

കാരുണ്യമേതുമില്ലാതെ കശക്കിയെറിഞ്ഞട്ടഹസിക്കാൻ മാത്രം!



ദീർഘമാവുന്നു നിശ്ചലചലനത്തിലുയിർകൊണ്ട മൗനവും മോഹഭംഗങ്ങളും !! ..


2/09/2013

തെറ്റിധാരണകള്‍........


തിരുത്തപെടണമെന്ന് ആഗ്രഹിക്കാത്തത്
തെറ്റിദ്ധരിച്ചതിലുള്ള സങ്കടം കൊണ്ടല്ല, മറിച്ച്
കാഴ്ചപ്പാടുകളിലെ വൈകല്യം മാറന്‍ കാലത്തിന്റെ
കാത്തിരുപ്പുകൂടിയെ തീരുവെന്നറിയുന്നതു കൊണ്ടാണ് !

അതിലുമപ്പുറം ഞാനെന്ന ചിന്തയെ
സാക്ഷ്യപെടുത്താന്‍ പോന്ന വൈഭവം
നിന്നിലെന്നല്ല ..എന്നില്‍ പോലും കാണാത്തത് കൊണ്ടാണ് !

എനിക്ക് ഞാന്‍ ശരിയാകുന്നിടത്തോളം
എന്നിലെ വിശ്വാസം നഷ്ടമാകാത്തോളം കാലം
ഞാന്‍ തെറ്റ് തന്നെയായാലും തിരുത്താന്‍
എനിക്ക് ആഗ്രഹമില്ലാത്തത് കൊണ്ട് തന്നെയാണ്  !

അവസരവാദത്തിന്റെ ന്യായികരണങ്ങള്‍
സത്യമെന്നുവിശ്വസിക്കാന്‍ ഇഷ്ടമുള്ളവരെ വല്ലതും ബോദ്ധ്യപെടുത്തേണ്ടതുണ്ടോ !

സ്നേഹത്തിന്റെ രാഷ്ട്രിയത്തില്‍
അനുഭവങ്ങള്‍ക്കെന്തു  പ്രസക്തിയാണുള്ളത്  ?

തനിക്കു കഴിയുമായിരുന്നിട്ടും കടമയായിരുന്നിട്ടും,
തന്നെയേറെ ബഹുമാനിച്ചിട്ടും
അത് ചെയ്യാതിരിക്കുന്നതിലുള്ള
സ്വാര്‍ഥതയുടെ പേരെന്തായാലും സ്നേഹമാവില്ല !

പിന്നെയെന്ത് ?....ആര്‍ക്കാണിഷ്ടാ .....അതന്വേഷിക്കാന്‍ താല്പര്യമുള്ളത് ?!

ഞാന്‍ എന്നിലേക്കും ...നീ നിന്നിലേക്കും
സ്വയം ഒതുങ്ങി കൊള്ളുക..
നമ്മുടെ ശരി തെറ്റുകള്‍ ഒന്നാകുന്നത്
വ്യമോഹമെന്നറിയുന്നതു വരെ ....

തെറ്റിധാരണകള്‍ക്കു മുണ്ടൊരു സത്യം ..
സ്വപ്നങ്ങളിലെ പൊള്ളത്തരങ്ങള്‍ പോലെ
അവ ജീവിതത്തെ നയിച്ചു കൊണ്ടേയിരിക്കുന്നു ..!!  

2/02/2013

പൊരുത്തം..

അസ്വസ്ഥതയുടെ വേലിയേറ്റങ്ങളില്‍
മരണത്തിന്റെ കാല്‍പെരുമാറ്റം

ആല്‍മനിന്ദയുടെ പാരമ്യതയിലും
അതിജീവനത്തിന്റെ സൂത്രവാക്യം

അതിരുകളില്ലത്തോരാകാശത്തില്‍
പൊരുത്തപെടലുകളുടെ ജീര്‍ണത

ശ്വാസം മുട്ടി ചത്ത ക്കിനാക്കളുടെ വിങ്ങലും
ഉത്കണ്ഠയും ആഭിചാരത്തിന്റെ ധാര്‍ഷ്ട്യവും

ഒറ്റപെടലിന്റെ സഹനത്തിലും സായാഹ്നത്തിലും
പ്രതീക്ഷയുടെ പ്രാര്‍ത്ഥനകളാധികവും

വിശ്വാസവും യാഥാര്‍ത്ഥ്യവും മറപിടിച്ചു
 മത്സരിച്ചഭിനയിക്കുന്നതിലുമുണ്ടൊരു പൊരുത്തം