7/13/2012

പകര്‍ത്തിയെഴുത്ത്

പൊയ്പോയ കാലത്തിന്‍ ഓര്മകുറിപ്പുമായ്
പ്രണയമിന്നും ബസ്‌സ്റ്റോപ്പില്‍ കാത്തുനില്‍ക്കുന്നു 
ചിറികോടിയ ചിരിയുമായ് കാമുകസ്വപ്നങ്ങളിന്നും
കോളേജ് വരാന്തകളെ നിശബ്ദമാക്കുന്നു

ഭൂതകാലത്തിലേക്ക് ഊളിയിട്ടു നീന്താനിറങ്ങിയാല്‍
അമ്പലകുളവും കാവും കൂട്ടുക്കാരും
നഷ്ടസ്വപ്നമെന്നോണം കണ്ണിലീറനണിയിക്കുന്നു

ഹൃദയത്തിന്റെ അസ്ഥിവാരത്തിലൊരു നെടുവീര്‍പ്പുണരുന്നു
അസ്ഥിമാടത്തിലേക്കൊരു വിളിപ്പാടകലെയെന്നാലും
കാലം ഓര്മകളാലിന്നു കൊഞ്ഞനംകുത്തുന്നു ....

ഇരുളും വെളിച്ചവും സത്യത്തെ മൂടിവയ്ക്കുന്നു  ...
ന്യായികരണത്തിനായുള്ള ഒളിമറ മാത്രമാകുന്നു മൌനം
നിസ്സഹായതയുടെയും നിസ്സംഗതയുടെയും മൂടുപടമണിഞ്ഞ്‌
യാഥാര്‍ത്ഥ്യം മറച്ചുപിടിക്കലാകുന്നു കാലത്തിന്റെ  മൌഡ്യം......

പകര്‍ത്തിയെഴുതാന്‍ അതൃപ്തിയുടെ ജല്പനങ്ങളല്ലാതെ
മറ്റെന്തുണ്ടീ ചപല ജീവിതത്തില്‍ ....
പ്രന്ജ്ഞയും പ്രത്യാശയും നശിച്ചാല്‍ സ്വാന്തനം പോലെ
പിന്നെന്തുണ്ടീ യാന്ത്രിക ജീവിതത്തില്‍ ....
മരവിച്ച മനസ്സുകളുടെ ദുര്‍ബല ഗീതങ്ങളല്ലാതെ
ഇനിയുമെന്തുണ്ടീ കാലചക്രത്തിലടയാളപെടുത്താന്‍....

3/03/2012

സ്വാഗതം ..











 
കാലങ്ങളേറെകണ്ണും നട്ട് കാത്തിരുന്നിട്ടു
കൈവന്നൊരു സൌഭാഗ്യമേ ,കൈവല്യമേ ..
നീയാണിനി സര്‍വ്വം ,നീ തന്നെയാണിനി ജീവിതവും
കേവല ജീവിതവ്യഥകളിലിനി താങ്ങായ് തണലായ്‌
നിഴലായ് നിലാവായ് നറുംവെണ്ണതന്‍ കുളിരായ്
നന്മതന്‍ പുതപ്പായെന്നുമെന്‍ മാറില്‍ നിറയുക സുഗന്ധമേ ...
നീ തന്നെ ഞാനും .....ഞാന്‍ തന്നെ നീയും .....
വന്നാലും സഖി ,നിനക്കെന്റെ ഹൃദയസോപാനത്തിലേക്കു സ്വാഗതം ..
നിന്റെ കുസൃതികളും കൌതുകങ്ങളും പിണക്കങ്ങളും
എന്നുമെന്നുമെന്നില്‍ നിറയ്ക്കട്ടെ നവോന്മേഷപുളകങ്ങള്‍ ..!
ജീവിതാസക്തി തെല്ലും കുറയാതെ
പുനര്‍ജ്ജന്മം കാത്തു ഞാനെന്റെ                                                            
ജന്മഗേഹത്തിലേക്കു മടങ്ങുവോളം,നയിച്ചാലും ..
തളരാതെ തളര്‍ത്താതെ യൊപ്പം,പിന്തുടര്‍ന്നാലും ..

2/13/2012

കുറിപ്പ്














സഖി ,ഇനിയും നിന്നെ തേടി അലയാന്‍
ആയുസ്സും കാലവും നഷ്ടമായിരിക്കുന്നു
കുഴിമാടത്തിലെങ്കിലും ഒരിറ്റു കണ്ണീരു
കൊണ്ടെന്റെ ഹൃദയം നനച്ചുവെങ്കില്‍
വ്യര്‍ത്ഥമാവില്ലായിരുന്നു നമ്മുടെ പ്രണയം
മറവിയുടെ തെരുവിലുപേക്ഷിച്ച സ്വപ്നങ്ങളില്ലാത്ത ജീവിതം
നിറങ്ങള്‍ നഷ്ടപെട്ട മഴവില്ലു പോലെ
അര്‍ത്ഥമില്ലാത്തൊരു  കവിതയാവില്ലയിരുന്നു
നിനക്കൊട്ടും ഇഷ്ടമാവില്ലെന്നറിഞ്ഞിട്ടും
അത്മാവിന്റെ ഗദ്ഗദം പോലെ
വാക്കുകള്‍  ഇഴപിരിഞ്ഞിങ്ങനെ കേഴുകയില്ലായിരുന്നു
തെറ്റിധാരണകള്‍ക്കുത്തരം അല്ലെങ്കില്‍ കുമ്പസാരം
എന്തിനായിരുന്നു  പ്രിയേ, നമുക്കിടയില്‍ ജയവും തോല്‍വിയും
നമുക്കിടയിലെ ശരി തെറ്റുകളില്‍ പൊലിഞ്ഞു പോയതു
നമ്മുടെ  പ്രണയമോ അതോ  ജീവിതം തന്നെയോ ..

1/23/2012

സമവാക്യം


നാടോടുമ്പോള്‍ നടുവെയല്ല മുന്നില്‍ തന്നെയോടണം
കണ്ണടച്ചിരുട്ടാക്കി ആടിനെ പട്ടിയാക്കണം
ആസനത്തില്‍ മുളചൊരാല്‍മരം കിരീടമായ് കാക്കണം
ബ്രഹ്മാവും തനിക്കു"വ്വ "യെന്നുള്ള സ്ഥായീഭാവം കരുതണം

പട്ടിക്കു മുഴുവന്‍തേങ്ങ കിട്ടിയപോലെന്നും അഹങ്കാരമെന്നും
ധാര്‍ഷ്ട്യം അടിമത്വം അല്പത്തരമെന്നിങ്ങനെപലതും
മുന്തിരി പുളിയ്ക്കും കുറുക്കന്മാര്‍ പറഞ്ഞേക്കാമെങ്കിലും
ഇല കൊണ്ടോടുന്നവന്റെ ഇലയില്‍ ചവുട്ടി മെക്കിട്ടുകേറണം
നിസ്സഹായത ചൂഷണം ചെയ്തു ഭീരുവായ് ചാപ്പകുത്തണം


ബുദ്ധിപെരുത്തു പൊറുതിമുട്ടിയതായ് തോന്നണമേവര്‍ക്കും
ഒരക്ഷരമാരോടുമുരിയാടാതെ തല കാല്‍മുട്ടില്‍ തട്ടണം
പുച്ഛഭാവം കൊണ്ടെന്നും കുട പിടിക്കണം പിന്നെ
താന്പോരിമക്കൊപ്പം കുടിലത പരമപ്രധാനം തന്നെ

പിന്നെയോ പാര്‍ത്ഥാ ......"അമ്പടാ ഞാനെ" യെന്നമട്ടില്‍
വീമ്പു പറയണം കേള്‍ക്കാന്‍ കൂട്ടത്തിലാളെ കൂട്ടണം
കൂട്ടുചേര്‍ന്നൊട്ടും മടിയാതെ തോളത്തുക്കേറണം
ചെവിതിന്നുതിന്നവനെ പിന്നില്‍നിന്നു തള്ളിയിടണം
പാഠമാകട്ടെ പഠിക്കട്ടെ വേഗമൊരല്‍പ്പം ജീവിതം !


വിനയാഭിനയവും സ്വാര്‍ത്ഥതയും ചേരുവചേര്‍ക്കണം
മുഖസ്തുതിയിട്ടിളക്കി നന്നായ് വാലാട്ടാന്‍ പഠിക്കണം
മരിക്കുന്ന നേരത്തും കൈവെടിയരുതീ സുക്തങ്ങള്‍
ജീവിതവിജയത്തിനീക്കാലത്തു മരുന്നു വേറെയില്ലതന്നെ



1/08/2012

പറിച്ചെടുത്ത ഹൃദയം


നഷ്ടമായതു കേവലമൊരു സ്വപ്നം മാത്രം
സ്വപ്‌നങ്ങള്‍ കാണാനാകുന്ന മനസ്സ് ഇപ്പോഴും ബാക്കിയുണ്ട് 

എന്റെ മരണത്തിനായ് പ്രാര്‍ഥിച്ചവരോട് നന്ദി 
അങ്ങിനെയെങ്കിലും നിങ്ങളൊന്നു ദൈവത്തെയോര്‍ത്തല്ലോ !

ഹൃദയമില്ലാത്തവന്‍ ,സ്വാര്‍ത്ഥന്‍ ,സ്നേഹശൂന്യന്‍ 
ഒരു മൃഗം, എന്നിങ്ങനെ ഘോരഘോരം അധിഷേപിക്കുമ്പോള്‍

എന്റെ ഹൃദയം പറിച്ചെടുത്ത നിനക്കു
വ്യക്തമായറിയാമായിരുന്നു ഞാനെത്ര  വേദനിക്കുമെന്ന് ..

ഒരായുസ്സു മുഴുവനോര്‍മ്മിക്കാന്‍ സ്നേഹത്തിന്റെ 
കുറച്ചക്ഷരങ്ങളെങ്കിലും നിനക്കു നല്‍കാമായിരുന്നു ..

ഔപചാരികതയുടെ മുടന്തന്‍ ന്യായം പറഞ്ഞ്
നീയില്ലാത്ത ചാരിത്രശുദ്ധിക്കു വേണ്ടി വാദിച്ചു 

എന്ത് ഭ്രാന്താണ് നിങ്ങളീ പറയുന്നതെന്ന് 
തോന്നുന്നുവെങ്കില്‍ ക്ഷമിക്കുക ..

കടന്നു പോകുന്ന ഓരോ നിമിഷവും 
നീ നിന്റെ ജീവിതത്തില്‍ എന്നെ അടയാളപെടുത്തും 

അവഗണനയോടെ അതിലുമേറെ വെറുപ്പോടെ 
ഞാനെന്ന ഓര്‍മയെ കുഴിവെട്ടിമൂടാന്‍ നീയിനിയും ഭയക്കുന്നു 

കൈവന്ന സൌഭാഗ്യങ്ങളില്‍ പെണ്ണെന്ന അതിബുദ്ധി 
"പറിച്ചെടുത്ത ഹൃദയം "ഓര്‍മകളുടെ പിന്തുടര്ച്ചയെക്കാള്‍ 
ശക്തമായി,അവശേഷിക്കുന്നജീവന് വേണ്ടിയാചിക്കുമെങ്കിലും 
മിടിപ്പണയുംവരെ'നല്‍കാന്‍മടിച്ചൊരുവാക്കിനായ്‌ 'ദാഹിക്കും !


1/07/2012

പ്രണയം ....................



















ഔപചാരികതയുടെ മട്ടുപ്പാവില്‍ നാമറിയാതെ നമ്മില്‍ തീര്‍ത്ത ഒരു സങ്കല്‍പ്പലോകമുണ്ട് ; അതിലെ ശരിതെറ്റുകളോട് തമ്മിലടിക്കാന്‍ ,
പരസ്പരം കുറ്റപെടുത്താന്‍ നിരവധി കാരണങ്ങള്‍ നാം നിരത്താറുംമുണ്ട് ...............ഒരുപാട് പറയുവാനുന്ടെങ്കിലും ഒന്നും പറയുവാന്‍
ആഗ്രഹിക്കാതെ നാം നമ്മിലേക്ക്‌ തന്നെ ഒറ്റപെട്ടുകൊണ്ട് സ്വയം വിരഹവേദന ഏറ്റെടുത്തു പ്രണയം നടിക്കാറുംമുണ്ട് ................
കാലംകടന്നു പോയതറിയാത്ത നമ്മളെ ; കാലം പരിഹസിക്കുമ്പോള്‍ പോലും മുഖംതിരിഞ്ഞു നിന്ന് പരസ്പരം വാശി കാണിക്കാറുണ്ട് ...
ഇതൊരിക്കലും പ്രണയമാവാന്‍ തരമില്ല ....സ്നേഹവുമല്ല ....ഇതൊരുതരം കബളിപ്പിക്കലാണ് ...ഒളിച്ചോട്ടമാണ് ..........ആല്‍മഹത്യയാണ്............
പ്രണയത്തില്‍ പോലും കീഴടക്കലിന്റെ വിജയം മോഹിക്കുന്ന ചപല മനസ്സിന്റെ വ്യാമോഹം എന്നൊക്കെ വേണമെങ്കില്‍ വിശേഷിപ്പിക്കാം ...
(ആര്‍ക്കും ആരെയും ഒരു പരിധിക്കപ്പുറം മനസ്സിലാക്കാനാവില്ല ..........എന്നൊരു ന്യായികരണം ഉണ്ട് .....സത്യമായിരിക്കാം ....അറിയില്ല.. )
"പ്രണയം " സുന്ദരമായ ഒരു വാക്കാണ്‌ .....അതിലുപരി ഒരനുഭൂതിയാണ് ....എല്ലാറ്റിനുമപ്പുറം അത് സ്നേഹമെന്ന പദത്തിന്റെ വ്യാഖ്യാനവും
ആവിഷ്ക്കാരവും കണ്ടെത്തലും കൂടിയാണ് ..................................................//

ങ്ങ് ഹാ ഹും..!!
















നിന്‍ ബഹുമുഖവൈഭവം പണ്ടേക്കു പണ്ടേ പ്രസിദ്ധം 
കാലഗതിയില്‍ അസ്തമിക്കാത്ത നേട്ടങ്ങളാവും മനസ്സില്‍ 

ചപലവ്യാമോഹങ്ങളെക്കാള്‍ വലിയ കോട്ടമുണ്ടോ ഭൂവില്‍
മാനദണ്ണ്ടങ്ങള്‍ മാറ്റുരച്ചാല്‍ ശിഷ്ടം "ദണ്ണം " തന്നെ

ഇന്ദ്രിയ സംവേദനം സത്യമെന്നു കരുതാമെങ്കിലും
പാടെ മറക്കാമോ.. കാലാതീത ഭാവപ്രതിഭാസപൂരകം

ഹൃദയഹരം, വിചാരോദ്ദീപകം നിന്‍ ആഭിമുഖ്യം
കേവലചൂണ്ടുപലകയെങ്കിലും സംശോധനസദ്രിശ്യം പോലും

ചര്‍വിതചര്‍വണം ഞരബിനു പഥ്യംമതു കെങ്കേമം
പൊയ്മുഖ പേക്കൂത്തിന്‍ തേര്‍വാഴ്ച നയനാഭിരാമം!!

"കണ്ണുകളെത്ര കണ്ണടച്ചിരിക്കുന്നു കാലമേ ....
കണ്ണില്‍ കുത്തിയാല്‍ പോലും തുറക്കാതെയങ്ങിനെ"

കപ്പംകൊടുത്തും ചിതംപറഞ്ഞും കടമകാട്ടും കൂട്ടം
പട്ടിണിയെന്നാലെന്ത് അബ്രാന്റെ കോണകം സ്വര്‍ഗം

"മാനം "മാനത്തെ നോക്കി പല്ലിളിക്കുമ്പോള്‍
'പുല്ലുവിളി'കളുണ്ടത്രെ..... "ഉത്തരം"മൂടാന്‍ ....!!

"ങ്ങ് ഹാ..കപ്പലിനറിയുമോ കപ്പിത്താന്റെ നേരും നെറിയും
അല്ല ..കപ്യര്‍ക്കുണ്ടോ വല്ല ഒളിവും മറയും.. ങ്ങ് ഹും "

അല്ല ഇതെല്ലം നിങ്ങളോടു ഞാന്‍ വെറുതെ
ഇല്ല ഇനിയൊന്നും പറയില്ല ഞാന്‍ നിസംശയം


ങ്ങ് ഹാ ഹും ....ങ്ങ് ഹാ ഹും ....ങ്ങ് ഹാ ഹും ....!!

(Label : "ഉളുപ്പിലാത്ത ഇഴജന്തുക്കള്‍ക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു ")

1/06/2012

ഭ്രാന്തന്റെ മൌനം



















ഭൂതകാലത്തിന്റെ വിഴുപ്പലക്കി -
'ഞാനെത്രയോ പരിശുദ്ധന്‍' എന്നലമുറയിട്ടാലും
തീരാകളങ്കം ചാര്‍ത്തിയെന്നില്‍ നിന്നും
തട്ടി തെറിപ്പിച്ച സ്വപ്നങ്ങളെല്ലാം
എന്റേതു മാത്രമായ നഷ്ടങ്ങളായപ്പോള്‍
വെറുതെയാണോര്‍മകളെന്ന ബോധം പിന്നെയും
അബോധത്തിന്റെ മൌനങ്ങളെ  പ്രണയിച്ചു ....

അങ്ങിനെ ഞാന്‍ മാത്രമുള്ള ഈ ലോകത്തില്‍
സ്നേഹത്തിന്റെ അളവുകോലെടുത്ത്
ശരിതെറ്റുകള്‍ നിരത്തി വച്ച്
ചങ്ങലയ്ക്കിടാത്തോരെന്‍ ബോധത്തെ തട്ടിയുണര്‍ത്തി
ഈ വര്‍ത്തമാനകാലത്തിന്റെ കാല്‍ നക്കി
നിസ്സഹായതയോടെ പുലമ്പി കരഞ്ഞ്
നിസ്സംഗതയോടെ ,ഞാനെന്റെ ജീവിതമീ-
ഇരുകാലി മൃഗങ്ങള്‍ക്കു മുന്നില്‍ അയവിറക്കിയില്ല പോലും ...

ഞാനാരെയെല്ലാം, എന്തെല്ലാം ബോധ്യപെടുത്തണം
തന്‍ തല പോയാലും നേരറിയാന്‍ നേരമില്ലാത്ത ലോകത്തില്‍
ജീവിതം പഠിയ്ക്കാത്ത ,ജീവിയ്ക്കാനറിയാത്ത ഒരു ഭ്രാന്തന്റെ
ജല്പനത്തിന്റെ വിലയെന്തെന്നെനിക്കറിയാം .....
അതേറെ വ്യക്തമായ് തന്നെ ....അല്ലെങ്കിലും
മരണത്തെ ശക്തമായ്‌ പ്രണയിക്കുന്ന ഞാനെന്തിനു മാപ്പുസാക്ഷിയാകണം !!


************************************************************

വാക്ക്















ഓരോ വാക്കും പ്രാര്‍ഥിക്കാറുണ്ടത്രെ ..
താന്‍മൂലം ഒരു ഹൃദയവും മുറിവേല്‍ക്കാതിരിക്കാന്‍ 

സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച്  വളച്ചൊടിച്ചു 
തന്നെ ശ്വാസം മുട്ടിക്കാതിരിക്കാന്‍ 

മനംപിരട്ടും നാവുകളാല്‍ 
സ്വന്തം മാനംകെടാതിരിക്കാന്‍ 

ഉളുപ്പിലാത്ത തൂലികയില്‍ 
നിന്നൊരിക്കലും  പിറക്കാതിരിക്കാന്‍ 

പിറവിയേയും അസ്ഥിത്വത്തെയും ചൊല്ലി 
ഇടയ്ക്കിടെ കലഹിക്കാറുണ്ടു പോലും 

പരസ്പരം വിടചൊല്ലി വിലപിക്കുമ്പോള്‍ 
പലപ്പോഴും  അസ്വസ്ഥരാകാറൂമുണ്ടത്രെ 

അവ്യക്തമാകും ഗദ്ഗധങ്ങളില്‍ കുടുങ്ങി 
ഹൃദയംനുറുങ്ങി നിലവിളിക്കാറൂമുണ്ട് 

സാന്ത്വന സ്പര്‍ശ കുളിര്‍മ്മയാല്‍ ആനന്ദിക്കും  ചിലപ്പോള്‍ 
പക്ഷെ, ജീവിതത്തിലെന്നപോലെയേറെ വിരളമായ് മാത്രം .....

*****************************************

നേരമ്പോക്ക്



















അറിവുകള്‍ ആഴത്തില്‍ മുറിവുകളുണ്ടാക്കും
അറിയാന്‍ ശ്രമിക്കരുത് ,അറിയിക്കയുമരുത് "

അനുഭവങ്ങള്‍ പകര്‍ത്തിയെഴുതരുത്
'സ്വ 'ഭാവ ത്തെയതു മരണാനന്തരം ക്രൂശിക്കും 

അബദ്ധജടിലം ഭയകംബിതമാനസമിദംസര്‍വ്വം 
ആഗ്രഹമില്ലെങ്കില്‍ അനുഗ്രഹവുമരുത്

അവശ്യം അനാശാസ്യംമെന്നു കുതര്‍ക്കം 
'അഹംബോധ 'സംവാദം നിശ്ശേഷം നിഷിദ്ധം 

ചിന്തകള്‍ ചുട്ടുചാബലാക്കുമീ സങ്കല്പങ്ങള്‍ 
അരുതരുതു മാത്സര്യം കേവലവിടംബനം പോലെ 

പ്രയാണം തുടരട്ടെ ഭാവുകങ്ങളനവധിയേവം
ഭവിക്കട്ടെയെല്ലാം ഭാവനയാകും ഭാവിപോലെ 

വ്യഭിച്ചരിക്കപെട്ട സമൂഹത്തിന്‍ മൂല്യങ്ങളില്‍ 
ആശങ്കയെന്തിനധികം അടിയുറപ്പുള്ള വിശ്വാസമുണ്ടെങ്കില്‍ 

ശങ്കിച്ചിടേണ്ട സ്വജനപക്ഷപാതം നിമിത്തം 
ശ്രദ്ധിക്കുവാന്‍ വയ്യ ഹോ കര്‍ത്തവ്യ ഭീരുത്വം 

സംരക്ഷിക്കുവതെന്തു നീ കാലഹരണസ്വപ്നം തന്നെയോ 
കാറ്റിനെ പിടിച്ചുകെട്ടാനോരുബെടും അധരവ്യായാമം പോലെ 

പിന്തിരിഞ്ഞൊന്നു നോക്കുവാന്‍ നമുക്കിടയിലെന്തോര്‍മ്മകള്‍ 
കാലത്തിന്‍ കുത്തൊഴുക്കില്‍ മായാത്ത ഓര്മചിത്രങ്ങളുണ്ടോ !

******************************************

പതിനാറ്




















മരവിച്ച മനസ്സാല്‍ വിറയാര്‍ന്ന കൈകള്‍
ആ തൃപ്പാദം തൊട്ടു നമസ്ക്കരിച്ചീടവേ

ഉള്ളിന്റെ ഉള്ളിലിരുന്നാരോ തേങ്ങുന്നു
ഓര്‍മകളിലിന്നലെ ചിരിതൂവിയോരെന്‍ ബാല്യം

സുഗന്ധം വമിക്കും ചന്ദനത്തിരികള്‍ പുകയുന്നു
ഒപ്പമൊരായിരം ഹൃദയങ്ങളും ...

പത്തു പതിനാറു ദിനങ്ങള്‍ കൊഴിഞ്ഞു
പെറ്റമണ്ണിന്റെ തേങ്ങല്‍ നിന്നു ..

ഉറ്റവരുടയവര്‍ നീങ്ങി തുടങ്ങി
പെറ്റവയറും ദുഃഖം മറന്നു ...

ഓര്‍മ്മകള്‍ പൂക്കുന്ന ചെമ്പകചോട്ടില്‍
ഓര്‍മിക്കാനിനിയേതുമില്ല ദുഃഖം

***************************************************

(വെറുതെയാണോര്‍മകളെന്ന മുന്നറിയിപ്പോടെ ഓരോ മരണവും പതിനാറു അടിയന്തിരം ആഘോഷിച്ചു കടന്നു പോകുമ്പോള്‍ ,
കാലത്തിന്റെ കുത്തൊഴുക്കില്‍ മാഞ്ഞുപോകാത്ത കാല്പാടൊരുക്കുവാന്‍ ,ഓര്മചിത്രങ്ങളൊരുക്കുവാന്‍ വ്യഥാപരിശ്രമം
കാട്ടുന്ന ,തിരക്കുകൂട്ടുന്ന ഒരു കൂട്ടം വിഡ്ഢികള്‍ മാത്രമാവുന്നുവല്ലോ നമ്മളും .................!!)

****************************************************