12/22/2013

'തിരിച്ചു പോക്ക് 'അഥവാ ചിറകൊടിഞ്ഞ കിനാവുകൾ



ഞാൻ സ്വപ്നം കണ്ട ജീവിതം
ജീവിച്ചു തീർക്കാനാണെന്റെ മടക്കം
എന്നെയിവിടെ പിടിച്ചു നിർത്താൻ
വാശി കാണിക്കുന്നവരേറെയുണ്ട്

കയ്യിലൊരേണിയിരുന്നിട്ടും തരാതെന്നെ
കുഴിയിൽ നിന്നേറ്റാൻ കൈകാലിട്ടടിക്കുന്നവരും
സ്നേഹിച്ച് സഹായിച്ച് തങ്ങളുടെ
വേഷം കൃത്യമായ് അഭിനയിക്കുന്നവരോടും

നന്ദി പറഞ്ഞു പോകേണ്ടതുണ്ടെനിക്ക്
നഷ്ടമൊന്നുമില്ല, നേട്ടമുണ്ടായിട്ടുണ്ടുതാനും

നഷ്ടപ്രതാപത്തിന്റെ കണക്കുകളിൽ
ഞാൻ പതറി പോകില്ല ,കാരണം
ബാല്യം മുതൽ നാളിതു വരെ
അങ്ങിനെയൊന്നൊനിക്കില്ലായിരുന്നു

തകർന്നൊടിഞ്ഞതെന്റെ വിശ്വാസമാണ്
അല്ല ,അവസാന പ്രതീക്ഷയാണ്
അല്ല , കടമയോ സ്വപ്നമോ ആണ്

ഒരരിശത്തിനു കിണറ്റിൽ ചാടുന്നതല്ല
നിറങ്ങൾ നഷ്ടപെട്ട മഴവില്ല് പോലെ
ജീവിതം വട്ടം കറങ്ങാൻ തുടങ്ങിയിട്ട്
ഭ്രാന്തു പിടിപ്പിക്കാൻ തുടങ്ങിയിട്ട്
സമനില തെറ്റാതെ സംയമം പാലിച്ചത്
വെറുതെയാകുമ്പോഴുള്ള അമർഷമുണ്ട്

കുരുത്തമില്ലായ്മയും കണ്ടകശനിയും
ചാത്തനും ഇപ്പോഴെന്റെ മിത്രങ്ങളാണ്
നിരന്തരം ദ്രോഹിച്ചിട്ടും മറുത്തൊന്നും
പറയാനാവാത്ത അടിമയോടുള്ള വാത്സല്യം

സത്യത്തിന്റെ വഴി അടിമത്വത്തിന്റെതാണ്
ഞാൻ എന്നിലേക്ക്‌ ചുരുങ്ങുന്നു
എന്റെ വഴിയിലേക്ക് മടങ്ങുന്നു
പല്ലിളിയോടെ കാത്തിരിക്കുന്നതെന്റെ
മരണമാണെങ്കിലും നിസ്സംഗതയോടെ
നടന്നു തീർക്കണമെന്റെ ശിഷ്ടജീവിതം

ശിഷ്ടജീവിതം കഷ്ട ജീവിതം,എന്നാൽ
പ്രിഷ്ടം താങ്ങി ജീവിതം ശ്രേഷ്ഠമല്ല  ജീവിതം

12/14/2013

ഞാനുറങ്ങുകയായിരുന്നു


ഞാനുറങ്ങുകയായിരുന്നു
മറവിയുടെ ലോകം കിനാകണ്ടു
പ്രണയമെന്ന 'വിലക്ഷണ കാവ്യം'
'പ്രഹസനപർവ്വ'മെന്ന ആൽമകഥയിലെ
ആമുഖമായെഴുതി ചേർത്ത്
ഞാനുറങ്ങുകയായിരുന്നു

ഹൃദയത്തിന്റെ അസ്ഥിവാരത്തിലെ വിള്ളൽ മറച്ച്
ഫീനിക്സ് പക്ഷിയെ പോലെ ഉയിർത്തെഴുന്നേൽക്കാൻ

ഉണർവിന്റെ കരിയഴൽ മേഘങ്ങൾ
തീമഴ പെയ്യിച്ചെന്റെ  ഹൃത്തടം
വെന്തുരുകാതിരിക്കാൻ
ഞാനുറങ്ങുകയായിരുന്നു

കാത്തിരിപ്പിന്റെ  പതിരും
പ്രണയത്തിന്റെ പൊരുളും
ദിനാന്ത്യങ്ങളിലെ മരവിപ്പും
മനുഷ്യ ബന്ധങ്ങളുടെ ഉഷ്ണവും
ശീതവും ദൈന്യവും ആകുലതകളും
ചപലതയും ന്യായികരിച്ച്
ഞാനുറങ്ങുകയായിരുന്നു

ക്ഷണിക മോഹങ്ങളെ താരാട്ടാട്ടി
വ്യർത്ഥജീവിത സത്യം തേടി
കുമിഞ്ഞു കൂടിയ സ്വാർത്ഥതയും താങ്ങി
കൂനി കൂടിയെന്റെ കുടുസ്സു മുറിയിൽ
ഞാനുറങ്ങുകയായിരുന്നു

സുന്ദരവിഡ്ഢികളുടെ വേദോപദേശം കേട്ട്
എച്ചിൽ പട്ടിയുടെ ശൌര്യം കാട്ടി
വിടു വേലയുടെ രഹസ്യമറിഞ്ഞു ജീവിക്കാൻ
വേഷം കെട്ടി ചുണ്ടുകൾ തുന്നി കെട്ടി
ഞാനുറങ്ങുകയായിരുന്നു....

12/06/2013

...

ചതുർഥി നാളിൽ ജനിച്ചതിനാലോ
കണ്ണാ നിനക്കെന്നോടിത്ര ചതുർഥി

11/05/2013

'പൊക്കം'

തൂക്കം നോക്കുമ്പോൾ
പൂള മരത്തിന്റെ സങ്കടം
ഇല്ലായ്മയുടെയും വല്ലായ്മയുടെയും
വല്ല്യമ്മയാകും ..

താരതമ്യപ്പെടുത്താൻ
ഓണമേറെയുണ്ടതിന്റെയാക്കം
ഓക്കാനിച്ചുറപ്പിക്കും ഗാഭീര്യം

അതിബുദ്ധിമാൻമ്മാരുടെ 'പൊക്കം'
കുറഞ്ഞു പോകുന്നതവിടെയാണ് !

11/04/2013

പ്രഖ്യാപനം....

പ്രഖ്യാപനം ചെയ്യാൻ ഞാനാര്?
കഥനം ചെയ്തും മതിയെ മദിപ്പിച്ചു
മനനം ചെയ്തും ഗദ്യപദ്യഗോപ്യമായ്
മനീക്ഷികളൊക്കെയും പറഞ്ഞതല്ലെ

പുത്തൻ ചുവടും അടവും കൊടിയും
വാളും തേടിയലഞ്ഞവരൊക്കെ കാണാം

എന്റെ ലോകം സത്യലോകം
ഞാനാണിവിടെ രാജാവ്
ഞാനും ഞാനുമാണെന്റെ പ്രജകൾ

മാനവരാശിക്കു ശാന്തിഗീതം പാടും
അദ്വൈതമാണെന്റെ പ്രഖ്യാപനം..

10/23/2013

കാമുകി ....



ഒരു നുള്ളു കുങ്കുമം നെറുകിൽ ചാർത്തി നീ
ഓർമകളോടെല്ലാം വിട പറഞ്ഞു ....

വെറുതെയാണോർമ്മകളെന്നു  പുലമ്പി നീ
സ്വപ്നങ്ങളെല്ലാം മറവിയിലെറിഞ്ഞു ....

കണ്ണീരുപ്പു കുടിച്ചു തളർന്നൊരു
കനവിന്റെ പേരാണു നീയോമലെ ..

10/20/2013

കിഴങ്ങന്മാർ



ചിലരങ്ങിനെയാണ് ..

തങ്ങൾ ഒന്നുമല്ലെങ്കിലും

കൂട്ടി കൊടുക്കാനും കുണ്ടിക്ക് വയ്ക്കാനും 

മൂടു താങ്ങാനുമുള്ള ആർജ്ജവം

ചങ്കൂറ്റമാണെന്ന് ഗീർവാണം മുഴക്കി

തങ്ങളുടെ വൈഭവം ഘോരഘോരം പ്രസംഗിക്കും.. 


ചിലർ വലിയ അഭിമാനികളാണ്

മേല്പറഞ്ഞ വിഭാഗത്തിലുള്ളവർ

തങ്ങളെ പോങ്ങന്മാരായി വിലയിരുത്താതിരിക്കാൻ

നാണമില്ലായ്മയാണ് അതിജീവനമെന്ന്

സ്വയമങ്ങു വ്യാഖാനിക്കും ....

ഗ്രഹണ സമയത്തായിരിക്കണം ഇവരുടെ ജനനം

നാലാൾ കൂടെയുണ്ടായാൽ 'സിംഗം' തന്നെയാണിവർ ..


അവനവനു ശരിയെന്നു തോന്നുന്നത് ചെയ്യാൻ  ഭയം!

പിണിയാൾ പടയുടെയെങ്കിലും സാരഥ്യമേറാൻ മോഹം! 


അവനവനിൽ വിശ്വാസമില്ലാതെ അപരനിൽ അഭയം  

ഇരന്നു വാങ്ങുന്ന ആഭിജാത്യം,ഭയമല്ല ..ഷണ്ഡത്വമാണ് !


ആരുടെ  പ്രിഷ്ടം താങ്ങിയിട്ടായാലും  ......

ഒരു വിപ്ലവക്കാരിയായി തന്നെ മരിക്കുമെന്ന് ചിലർ.!

ആന പുറത്തിരുന്നതിന്റെ തയമ്പ് തെളിവായി 

ക്കാട്ടിക്കൊടുക്കും ഇരട്ട ചങ്കുള്ള കുങ്കൻമ്മാർ !..കിഴങ്ങന്മാർ !



ബ്ലാ ..ബ്ലാ ....

(സത്യത്തിലേക്ക് നേർവഴികളില്ലാതാവുമ്പോഴാണ്
കുറുക്കു വഴികളെ സത്യം പിന്തുടരുന്നത് ...)
 

സത്യം ,ഭീതിയുടെ കരിമ്പടം പുതച്ച്
ജീവച്ഛവം കണക്കെ നാളെണ്ണി കിടക്കുകയാണ് !

മരിച്ചാലും ഉയിർത്തെഴുന്നേല്ക്കുമെന്ന് വിശ്വാസികൾ
ജീവിച്ചിരിക്കെ നാലണയ്ക്കുപകരിച്ചിട്ടില്ലെന്ന് അവിശ്വാസികൾ !

കല്ലിലും കല്ലറയും ദൈവം ഒളിച്ചിരിക്കാൻ
തുടങ്ങിയിട്ട് കാലം കുറെയായെങ്കിലും
ദൈവം സത്യം തന്നെയെന്ന് മതങ്ങൾ !

അങ്ങിനെയെങ്കിൽ ,സത്യമെന്നാലെന്താണ് ?
ദൈവനാമത്തിൽ സത്യം ചെയ്ത കള്ളൻമ്മാർക്കറിയാം
അതെന്താണെന്നും അതിന്റെ ഗുണമെന്തെന്നും !
 


10/14/2013

ലാൽ സലാം ..


ചെഗുവേര  മരിച്ചിട്ടില്ല ,ഞാൻ ഇവിടെ തന്നെയുണ്ട്‌ !
എന്റെ പേരിൽ മാത്രമെ വ്യതാസമുള്ളു
എന്നിങ്ങനെ ഒരശരീരി കാതുകൂർപ്പിച്ചാൽ കേൾക്കാം !

മറുവശത്ത്, സോഷ്യലിസം ഇന്നു വരും നാളെ വരുമെന്ന്
വാ പൊളിച്ച് സ്വപ്നജീവികളുടെ പുല്ലുവിളികൾ   .......

കമ്മ്യൂണിസം മരിച്ചു മണ്ണടിഞ്ഞാലെന്ത് !
സഖാക്കൾക്കും കിട്ടണം പണം,കാലം മാറി !

രക്തസാക്ഷികളെ...., നിങ്ങൾ കരുക്കളായിരുന്നു
നിങ്ങളെ നഷ്ടമായത് സ്വന്തം  കുടുംബത്തിനു മാത്രം!

സമത്വ സുന്ദര ലോകം കെട്ടിപ്പടുക്കാൻ
ഒറ്റയ്ക്കു പുറപ്പെട്ട വിഡ്ഢികളായല്ലോ നിങ്ങൾ!

മൂഡസ്വർഗം  സ്വപ്നം  കാണാൻ പഠിപ്പിച്ച്
തെരുവിൽ മുദ്രാവാക്യം വിളിപ്പിച്ച്
മണിമാളികകളിലിരുന്നു  സുഖിക്കുന്നവരെങ്ങനെ
നമ്മുടെ  നേതാക്കളാകും കൂട്ടരെ.....

നേതാവു കളിച്ച് കുടുംബം പോറ്റുന്നവരെ
ഒറ്റപ്പെടുത്തി, പണിയെടുക്കുക.
പോയി വല്ല  പണിയുമെടുക്കാൻ  പറയുക.

കഫം തിന്നു ചീർത്ത പിത്തക്കാടികൾ
പണിയെടുത്ത് തിന്നട്ടെ...,ലാൽ സലാം ..!


  • മൗനം ശീലിക്കുക
    ജനങ്ങൾ നേതാക്കളെ സൃഷ്ടിച്ചു നേതാക്കൾ പാർട്ടിയെ പോഷിപ്പിച്ചു നേതാക്കളും പാർട്ടിയും കൂടെ കള്ളപ്പണം പങ്കു വെച്ചു ..കീശ വീർപ്പിച്ചു .. ! എതിർത്തവനെ വെട്ടി കൊലപ്പെടുത്തി കാരണം കുലംകുത്തികൾ പാർട്ടി പിളർക്കും പാർട്ടി പിളർന്നാൽ പിന്നെ നേതാക്കളെന്തു ചെയ്യും കയ്യിട്ടു വാരാൻ എവിടെ പോകും പണിയെടുക്കാതെ തിന്നാൻ നല്ലത് രാഷ്ട്രീയം തന്നെ !
    കാലമേറെ മാറി കഴിഞ്ഞു ... അബ്കാരികളെല്ലാം തികഞ്ഞ സഖാക്കളാണ് സ്റ്റേറ്റ് കമ്മിറ്റി അവരുടെ തറവാടാണ് കോരനിപ്പോ കുമ്പിളിൽ പോലും കഞ്ഞിയില്ല ..! ആഗോളവൽക്കരണത്തിന്റെ അപചയം തന്നെ ..!!
    ഇ എം സ് പറഞ്ഞുവത്രേ, സഖാവെന്നാലർത്ഥം തലച്ചോറ് നേതാക്കൾക്കു പണയപ്പെടുത്തിയവനത്രേ! ചില നാൽകവലകളിൽ മിഷിനറി സന്ദേശം കാണാം ക്രിസ്തു പറഞ്ഞു ഇവിടെ മൂത്രം ഒഴിക്കരുതെന്ന്! പാർട്ടിക്കു കീഴ്പെട്ടു നില്ക്കണമത്രേ പാർട്ടിയെന്നാൽ നേതാക്കൾ, അണികളെല്ലാം..പിണികൾ !! കൂടെ നിന്നവനെ പിന്നിൽ നിന്ന് കുത്തി കുതി കാൽ വെട്ടി,ചാളപ്പുര മാന്തി പൊളിച്ച് മുപ്പതു വെള്ളിക്കാശിന്റെ ഏമ്പക്കം വിട്ട് തങ്ങളുടെ ത്യാഗചരിത്രം ഫീച്ചറാക്കിയവർ ! ജനഹൃദയങ്ങളിൽ നിന്ന് ആട്ടി പുറത്താക്കിയവർ അഭിനവ സഖാക്കളെ നിങ്ങൾ ശബ്ദിക്കാതെ, ഇരുമ്പുലക്ക വിഴുങ്ങി മൗനം ശീലിക്കുക.. തന്തമാരുടെ രക്തം കുടിച്ചു കൊഴുത്ത പാർട്ടിയല്ലെ ..!!


ചോർച്ച












ഓരോ പ്രഭാതവും കുളിച്ചൊരുങ്ങുന്നത്
അതിജീവനത്തിനായുള്ള വീർപ്പുമുട്ടലുകളോടെയാണ്!

 ഓരോ രാവും ഉറക്കത്തിലേക്കമരുന്നത്
 മരണത്തിലേക്കുള്ള ദൂരം അളക്കാനാവാത്ത അതൃപ്തിയിലാണ്!

 ഓരോ കണ്ണുകളും കച്ചവടവൽകൃത ലോകത്തിന്റെ
 നോക്കുകുത്തികളായി മൗനം വിഴുങ്ങുന്നു!

 ശ്രീകൃഷ്ണനെ പോലെ പുഞ്ചിരിക്കാൻ കഴിവുള്ളവർ
 ഉൾപുളകത്തോടെ ചർച്ച ചെയ്യുന്നത് പുരോഗമന 
 വേശ്യവൃത്തിയിലെ സ്വാതന്ത്ര്യത്തെ പറ്റിയാണ് !

7/13/2013

നാസ്തിക ദൈവം


 ദൈവം കേവലമൊരു വിശ്വാസം മാത്രമാകുന്നു 
കപടതകളുടെ കൌശലം മാത്രമാകുന്നു മതം ..!!

വിശ്വാസികൾ അന്ധകാരത്തെ ഉപാസിക്കുന്നത്രേ 
അന്ധവിശ്വാസത്തിലാണാവരുടെയാശ്വാസം 

ഭയം തിന്മയെ സൃഷ്ടിക്കുന്നുവെങ്കിൽ 
ദൈവ ഭയം തിന്മയെ ഇരട്ടിപ്പിക്കുന്നു പോലും 

തെളിവുകളില്ലാത്ത അനാചാര പരിണാമങ്ങളുടെ
അവസരവാദം തന്നെയാണ്
സമൂഹത്തിൽ നാസ്തികവാദത്തിന്റെ പ്രസക്തി ..

നിലവാര തകർച്ചയെയും അത്ഭുതങ്ങളെയും  ചൊല്ലി
കലഹിക്കുന്നവരുടെ നിലവാരം തന്നെയാണ് 
നാസ്തിക ദൈവത്തിന്റെയും പ്രസക്തി.. 

6/24/2013

......



സന്ധ്യേ, നീ കള്ളിയാണ്....പഠിച്ച കള്ളി ..

നീയിനിയുമെന്തിനാണെന്റെ ഹൃദയത്തിൽ
വിരഹത്തിൻ   കൊളുത്തിട്ടു വലിക്കുന്നത് ...
നിന്റെ നിന്മ്നോന്നതങ്ങളിൽ
 പുതു ജീവന്റെ  കവിത കുറിയ്ക്കാനോ ...

6/22/2013

ഡിവോര്സ്






അർത്ഥഗർഭമായ മൌനത്തിന്റെ പരിസമാപ്തി
വേർപിരിയാനൊരുങ്ങും കാത്തിരിപ്പ് ....

സമാന്തരഹൃദയങ്ങളുടെ സമർപ്പിത പ്രതികരണം
പ്രോജ്ജുല ഭാവിയല്ലോ കീറാ മുട്ടി ...

നായിക നയം വ്യക്തമാക്കുന്നു
നായകനും തുറന്നടിക്കുന്നു
വ്യക്തമാക്കാൻ നയമെന്തെന്നു പോലുമറിയാതെ
കുഞ്ഞപ്പോഴും കരഞ്ഞു കൊണ്ടേയിരുന്നു

പൊട്ടിച്ചെറിഞ്ഞത് ബാല്യമായിരുന്നു
പൊട്ടിച്ചിരിച്ചത് അസൂയയും ചാപല്യവും

നഷ്ടപെടുന്നത് മുൻവിധികൾ
ഇഷ്ടപെടുന്നത് ഡിവൊർസെന്ന വിധി!

6/20/2013

അവൾ എന്റെ ഭാര്യ


എന്റെ അപകർഷതകളാണ് 
അവളെ എന്നിലേക്ക്‌ അടുപ്പിച്ചത് 

എന്റെ ഇഷ്ടങ്ങളാണ് 
അവളുടെ കണ്ണുകളിൽ കൌതുകം നിറച്ചത് 

എന്റെ ദേഷ്യപെടലുകളിലൂടെയാണ് 
അവളെന്റെയാൽമാവിനെ തിരിച്ചറിഞ്ഞത് 

എന്റെ സങ്കടങ്ങളെയാണ് 
അവൾ ഉമ്മകൾ കൊണ്ട് മൂടിയത് 

എന്റെ സ്വപ്നങ്ങളെയാണ് 
അവൾ പാലൂട്ടി വളർത്തിയത്‌ 

അവൾ എന്റെ ഭാര്യ 
അവളെന്റെ ആൽമസഖി ..

6/17/2013

അസ്വസ്ഥത..


അസ്വസ്ഥമാകുന്നത്...
ചഞ്ചലമായ മനസ്സാണെന്ന്
ഞാൻ തിരിച്ചറിയുന്നുണ്ട്..

സ്നേഹിക്കപെടാനുള്ള...
സ്വപ്നമാണ് കാരണമെന്നുമറിയാം..

സ്നേഹമെന്താണെന്നും..
മനുഷ്യരുടെ സ്നേഹത്തിന്റെ
അടിസ്ഥാനമെന്തെന്നും..
വ്യാപ്തിയെന്തെന്നും..
ആവശ്യകതയെന്തെന്നും..
നല്ല തിട്ടമുണ്ടായിട്ടും.......

മൂഡസ്വർഗ്ഗത്തിലെന്ന പോലെ
മനസ്സ് കേഴുന്നതും പുലമ്പുന്നതും
സ്വപ്നം കാണുന്നതും
വാശി പിടിക്കുന്നതും
കാഴ്ചപ്പാടുകളുറക്കെ
വിളിച്ചലറി വെല്ലുവിളിക്കുന്നതും
നിയോഗമെന്നറിയുന്നുമുണ്ട്  ഞാൻ

എങ്കിലും....

പഞ്ചഭൂതങ്ങൾ പ്രകർഷേണെ
പഞ്ചീകൃതമായ പ്രപഞ്ചവും
ശബ്ദ സ്പർശ രസ രൂപ ഗന്ധാദികളുടെ
മായവലയവും തീർത്ത്
ദേഹിയെ ദേഹത്തിൽ
മനസ്സും ബുദ്ധിയുമായ്
ശ്വാസം വിടാനാവാതെ ബന്ധിപ്പിച്ച്
ചമച്ച ചമൽക്കാരവും.....പിന്നെ,

ഇതിൽ നിന്നെല്ലാം പ്രാണനെ ഉദ്ധരിപ്പിക്കാൻ
ഗീതയും പറഞ്ഞു വച്ച്..
നിശ്ചയിച്ചുറപ്പിച്ച നിയോഗങ്ങളിലൂടെ..
ജന്മങ്ങളുടെ കർമ്മങ്ങളിലൂടെ
പ്രകൃതിയെ രചിച്ചു പ്രളയത്തിലേക്ക്
തള്ളിവിട്ടു രസിക്കുന്ന ലീലാവിലാസം.......!

ഞാൻ എന്തെന്നും എന്തിനെന്നും അറിഞ്ഞാൽ ആനന്ദം..
ഞാൻ തന്നെയാണ് സർവ്വചരാചരത്തിനും നിദാനം..
സർവ്വഭൂതങ്ങളുടെയും കാരകനും  കാരണവും..
കർമസാക്ഷിയും കാലചക്രഗതി നിർണ്ണയവും ഞാൻ തന്നെ

പിന്നെയുമെന്തിനാണ് ഈ അസ്വസ്ഥത .....?
എന്തൊക്കെയുണ്ടായിട്ടെന്താ തിരിച്ചറിവില്ല...അത്ര തന്നെ.... !!

5/15/2013

ഫുൾ സ്റ്റോപ്പ്‌ .



ചേരുംപടി ചേർത്തതാണ്
പൂരിപ്പിക്കാനിനി വാക്കുകളില്ല
ശരിയോ തെറ്റോയെന്നറിയില്ല
വിശകലനത്തിനിനി  മനസ്സുമില്ല 
നിറുത്തുന്നു ....

എന്താല്ലെ .....!!

അവന്റെ മരണം
അവൾക്കൊരു ദീർഘ നിശ്വാസം മാത്രം !

പ്രണയം
ബ്ലെസിയുടെ സിനിമ പോലെ ഉദാത്തം..

ദാബത്യം
ജാതക പൊരുത്തത്തിന്റെ ഏച്ചുകെട്ടൽ
മൂഡസ്വർഗത്തിലെ  ജീവിത പഠനം ..

മടുപ്പ്
മടുപ്പ് പുതപ്പിനോടായാൽ കിടപ്പ് തന്നെ കടുപ്പമാകും.

മടി
മാറാവ്യാധി  പോലെ ജനനം മുതൽ മരണം വരെ

തോന്നലുകൾ
തോന്ന്യാക്ഷരങ്ങളിൽ നേരും പതിരുമുണ്ടാകും
 
സ്നേഹം
ഹ ഹ ഹ ഹ ആഹാ ഹ ഹ
അർത്ഥമറിയാത്തോരു വാക്ക് !

2/16/2013

ദുർബല ഹൃദയം ........











                                                           
സഖി , പ്രസ്‌താവിത സങ്കല്പ മേടയില്‍
എന്നെയും  കാത്തിരിപ്പുണ്ട്‌ നീയെങ്കിലും,
തോറ്റു പോവുന്നു ഞാന്‍
വിശുദ്ധപ്രേമത്തിന്‍ 'ശേഷം' കെട്ടിയ ചിന്തകളില്‍ !
 ഏറ്റു വാങ്ങുന്നു ഞാന്‍
നീ തൊടുത്ത ചോദ്യശരങ്ങളെല്ലാം...............

സ്വാര്‍ത്ഥത പെരുകിയ കരുനീക്കങ്ങളില്‍
കരിനാഗവും ചാത്തനും കരിങ്കുട്ടിയും
പിന്നെ കൈവിഷകരുത്തിന്റെ തലയെടുപ്പും !

കരിനീലിച്ച സ്വപ്‌നങ്ങള്‍ കെട്ടി പൊക്കി
സത്യം മറയിട്ടു മയക്കുന്നു കരിംതേളുകള്‍ !
ബന്ധങ്ങളെല്ലാമറുത്തെടുത്തു ബന്ധസ്ഥനാക്കി
പാവാടചരടിനാല്‍ പാവകൂത്താടിക്കും  കൂത്തച്ചികള്‍ !

നിലവിളിച്ചലമുറയിട്ടതു നിന്റെ 'പുലകുളി' യ്ക്കാണേലും !
എല്ലാം സത്യമെന്നും സ്നേഹമെന്നും  തന്നെ നീ കരുതണം
മരണം വരെ നിന്റെ കഴിവുകേട് മറയ്ക്കാനെങ്കിലും !


ഏതൊരു മനുഷ്യനും നടന്നു തീരേണ്ട വഴികളിൽ
കാലമൊരു  കടലോളം കാത്തിരിപ്പിന്റെ നോവൊളിപ്പിയ്ക്കും

കാരുണ്യമേതുമില്ലാതെ കശക്കിയെറിഞ്ഞട്ടഹസിക്കാൻ മാത്രം!



ദീർഘമാവുന്നു നിശ്ചലചലനത്തിലുയിർകൊണ്ട മൗനവും മോഹഭംഗങ്ങളും !! ..


2/09/2013

തെറ്റിധാരണകള്‍........


തിരുത്തപെടണമെന്ന് ആഗ്രഹിക്കാത്തത്
തെറ്റിദ്ധരിച്ചതിലുള്ള സങ്കടം കൊണ്ടല്ല, മറിച്ച്
കാഴ്ചപ്പാടുകളിലെ വൈകല്യം മാറന്‍ കാലത്തിന്റെ
കാത്തിരുപ്പുകൂടിയെ തീരുവെന്നറിയുന്നതു കൊണ്ടാണ് !

അതിലുമപ്പുറം ഞാനെന്ന ചിന്തയെ
സാക്ഷ്യപെടുത്താന്‍ പോന്ന വൈഭവം
നിന്നിലെന്നല്ല ..എന്നില്‍ പോലും കാണാത്തത് കൊണ്ടാണ് !

എനിക്ക് ഞാന്‍ ശരിയാകുന്നിടത്തോളം
എന്നിലെ വിശ്വാസം നഷ്ടമാകാത്തോളം കാലം
ഞാന്‍ തെറ്റ് തന്നെയായാലും തിരുത്താന്‍
എനിക്ക് ആഗ്രഹമില്ലാത്തത് കൊണ്ട് തന്നെയാണ്  !

അവസരവാദത്തിന്റെ ന്യായികരണങ്ങള്‍
സത്യമെന്നുവിശ്വസിക്കാന്‍ ഇഷ്ടമുള്ളവരെ വല്ലതും ബോദ്ധ്യപെടുത്തേണ്ടതുണ്ടോ !

സ്നേഹത്തിന്റെ രാഷ്ട്രിയത്തില്‍
അനുഭവങ്ങള്‍ക്കെന്തു  പ്രസക്തിയാണുള്ളത്  ?

തനിക്കു കഴിയുമായിരുന്നിട്ടും കടമയായിരുന്നിട്ടും,
തന്നെയേറെ ബഹുമാനിച്ചിട്ടും
അത് ചെയ്യാതിരിക്കുന്നതിലുള്ള
സ്വാര്‍ഥതയുടെ പേരെന്തായാലും സ്നേഹമാവില്ല !

പിന്നെയെന്ത് ?....ആര്‍ക്കാണിഷ്ടാ .....അതന്വേഷിക്കാന്‍ താല്പര്യമുള്ളത് ?!

ഞാന്‍ എന്നിലേക്കും ...നീ നിന്നിലേക്കും
സ്വയം ഒതുങ്ങി കൊള്ളുക..
നമ്മുടെ ശരി തെറ്റുകള്‍ ഒന്നാകുന്നത്
വ്യമോഹമെന്നറിയുന്നതു വരെ ....

തെറ്റിധാരണകള്‍ക്കു മുണ്ടൊരു സത്യം ..
സ്വപ്നങ്ങളിലെ പൊള്ളത്തരങ്ങള്‍ പോലെ
അവ ജീവിതത്തെ നയിച്ചു കൊണ്ടേയിരിക്കുന്നു ..!!  

2/02/2013

പൊരുത്തം..

അസ്വസ്ഥതയുടെ വേലിയേറ്റങ്ങളില്‍
മരണത്തിന്റെ കാല്‍പെരുമാറ്റം

ആല്‍മനിന്ദയുടെ പാരമ്യതയിലും
അതിജീവനത്തിന്റെ സൂത്രവാക്യം

അതിരുകളില്ലത്തോരാകാശത്തില്‍
പൊരുത്തപെടലുകളുടെ ജീര്‍ണത

ശ്വാസം മുട്ടി ചത്ത ക്കിനാക്കളുടെ വിങ്ങലും
ഉത്കണ്ഠയും ആഭിചാരത്തിന്റെ ധാര്‍ഷ്ട്യവും

ഒറ്റപെടലിന്റെ സഹനത്തിലും സായാഹ്നത്തിലും
പ്രതീക്ഷയുടെ പ്രാര്‍ത്ഥനകളാധികവും

വിശ്വാസവും യാഥാര്‍ത്ഥ്യവും മറപിടിച്ചു
 മത്സരിച്ചഭിനയിക്കുന്നതിലുമുണ്ടൊരു പൊരുത്തം