6/17/2013

അസ്വസ്ഥത..


അസ്വസ്ഥമാകുന്നത്...
ചഞ്ചലമായ മനസ്സാണെന്ന്
ഞാൻ തിരിച്ചറിയുന്നുണ്ട്..

സ്നേഹിക്കപെടാനുള്ള...
സ്വപ്നമാണ് കാരണമെന്നുമറിയാം..

സ്നേഹമെന്താണെന്നും..
മനുഷ്യരുടെ സ്നേഹത്തിന്റെ
അടിസ്ഥാനമെന്തെന്നും..
വ്യാപ്തിയെന്തെന്നും..
ആവശ്യകതയെന്തെന്നും..
നല്ല തിട്ടമുണ്ടായിട്ടും.......

മൂഡസ്വർഗ്ഗത്തിലെന്ന പോലെ
മനസ്സ് കേഴുന്നതും പുലമ്പുന്നതും
സ്വപ്നം കാണുന്നതും
വാശി പിടിക്കുന്നതും
കാഴ്ചപ്പാടുകളുറക്കെ
വിളിച്ചലറി വെല്ലുവിളിക്കുന്നതും
നിയോഗമെന്നറിയുന്നുമുണ്ട്  ഞാൻ

എങ്കിലും....

പഞ്ചഭൂതങ്ങൾ പ്രകർഷേണെ
പഞ്ചീകൃതമായ പ്രപഞ്ചവും
ശബ്ദ സ്പർശ രസ രൂപ ഗന്ധാദികളുടെ
മായവലയവും തീർത്ത്
ദേഹിയെ ദേഹത്തിൽ
മനസ്സും ബുദ്ധിയുമായ്
ശ്വാസം വിടാനാവാതെ ബന്ധിപ്പിച്ച്
ചമച്ച ചമൽക്കാരവും.....പിന്നെ,

ഇതിൽ നിന്നെല്ലാം പ്രാണനെ ഉദ്ധരിപ്പിക്കാൻ
ഗീതയും പറഞ്ഞു വച്ച്..
നിശ്ചയിച്ചുറപ്പിച്ച നിയോഗങ്ങളിലൂടെ..
ജന്മങ്ങളുടെ കർമ്മങ്ങളിലൂടെ
പ്രകൃതിയെ രചിച്ചു പ്രളയത്തിലേക്ക്
തള്ളിവിട്ടു രസിക്കുന്ന ലീലാവിലാസം.......!

ഞാൻ എന്തെന്നും എന്തിനെന്നും അറിഞ്ഞാൽ ആനന്ദം..
ഞാൻ തന്നെയാണ് സർവ്വചരാചരത്തിനും നിദാനം..
സർവ്വഭൂതങ്ങളുടെയും കാരകനും  കാരണവും..
കർമസാക്ഷിയും കാലചക്രഗതി നിർണ്ണയവും ഞാൻ തന്നെ

പിന്നെയുമെന്തിനാണ് ഈ അസ്വസ്ഥത .....?
എന്തൊക്കെയുണ്ടായിട്ടെന്താ തിരിച്ചറിവില്ല...അത്ര തന്നെ.... !!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ