7/15/2014

കവിതയ്ക്കൊരു പ്രണയലേഖനം .....

കവിതേ നീയെന്ന ചാരുതയെ
ഹൃദയത്തിൽ ആവാഹിച്ച്
ആവിഷ്ക്കരിക്കുവാൻ
സാധിക്കാത്തതിലുള്ള വിമ്മിഷ്ടം

വാക്കുകൾ കുത്തി നിറച്ചും
ഇട കലർത്തി എഴുതിയും
അരോചകത്വം സൃഷ്ടിച്ചതല്ലാതെ

കവിതേ നിന്റെ ഉപ്പുരസം
തൊട്ടു നക്കാൻ ഭാഗ്യമില്ലാത്ത
വിശുദ്ധിയും അനശ്വരതയുമറിയാത്ത
പേരറിയിച്ചൊരു കാമുകനാണ് ഞാൻ

കവിതേ, നീയെന്റെ മനസ്സിൽ സുഹാസിനിയും സുഭാഷിണിയുമാണ്
നീയില്ലാത്ത ജീവിതം പട്ടിണിക്കാരന്റെ ആമാടപെട്ടിയിലെ ശൂന്യതയാണ്

ഇതെന്റെ ഹൃദയമാണ്, ദയവു ചെയ്ത്
നീയിതു നിന്റെ ആങ്ങളമാരെ കാണിക്കരുത്
അവരെന്റെ നെഞ്ചിൽ പൊങ്കാലയിടും
പിന്നെയൊരു ജീവച്ഛവം കണക്കെയീ
ഫേസ് ബുക്ക്‌ കടപ്പുറത്ത് പാടി പാടി
മുടന്തിവലിഞ്ഞു നടക്കേണ്ടി വരും

കവിതേ നീ സ്വയം വരില്ലെന്നെനിക്കറിയാം
നിനക്കു വേണ്ടി ആൽമാഹൂതി നടത്താൻ
എനിക്കാകെപ്പാടെയൊരു ജീവിതമേയുള്ളു

അതിൽ പഠിക്കാനും പാകപ്പെടാനും
തന്നെ സമയമോ തീരെ തുച്ഛം

ഇതിനെ നിനക്ക് പദ്യമെന്നോ ഗദ്യമെന്നോ
ഉത്തരാധുനികതയുടെ വിപ്ലവമെന്നോ
'പണ്ഡിറ്റിസ' മെന്നൊക്കെ പരിഹസിച്ചാലും, കവിതേ

നിന്നെ നോക്കി തെളിയാനല്ല, മറിച്ച് ഞെളിയാനാണ്
മറ്റു കാമുകരെല്ലാം ശ്രമിക്കുന്നതെന്നോർക്കണം !

പക്ഷേ കവിതേ,

നിന്റെ തറവാടായ മലയാളഭാഷയെ
അതിലുമപ്പുറം നീയെന്ന
മാനവികതയുടെ സ്വത്വബോധത്തെ
കോപ്രായവല്ക്കരണത്തിൽ നിന്നും തുടലറുത്ത്
രക്ഷിക്കണമെന്നെനികാഗ്രഹമേറെയുണ്ട് !
ഇനി നീ തന്നെ തീരുമാനിക്കുക
ഞാൻ എഴുതണമോ വേണ്ടയോ എന്ന് !


എന്ന് സ്നേഹപൂർവ്വം

Love & Love Only

ഒരു കപി






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ